Month: ഫെബ്രുവരി 2019

സ്നേഹവും സമാധാനവും

നമ്മുടെ അതിതീവ്രമായ ദുഖവേളകളിൽ പോലും സമാധാനം - ശക്തവും, അവർണ്ണനീയവുമായ സമാധാനം (ഫിലിപ്പിയർ 4:7) – നമ്മുടെ ഹൃദയങ്ങളിൽ നിറയുന്നത്, എല്ലായ്പ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ അടുത്ത സമയത്ത്, എന്‍റെ പിതാവിന്‍റെ അനുസ്മരണ യോഗത്തിൽ ഞാൻ ഇത് അനുഭവിച്ചറിഞ്ഞു. പരിചയക്കാരുടെ ഒരു നീണ്ട നിര സഹതാപപൂർവ്വം, അവരുടെ അനുശോചനങ്ങൾ അറിയിച്ചുകൊണ്ട് കടന്നു പോയ്ക്കൊണ്ടിരിക്കുമ്പോൾ എന്‍റെ നല്ലൊരു ഹൈസ്കൂൾ സുഹൃത്തിനെ കണ്ടത് ആശ്വാസകരമായിരുന്നു. ഒരു വാക്കു പോലും ഉരുവിടാതെ അവൻ എന്നെ ആലിംഗനം ചെയ്തു. ആ വിഷമകരമായ ദിവസത്തിൽ, എന്‍റെ സങ്കടങ്ങൾക്കിടയിലും അവന്‍റെ ശാന്തമായ സാന്ത്വനപ്പെടുത്തൽ, കരുതിയതുപോലെ ഞാൻ ഏകനല്ല, എന്ന സമാധാനത്തിന്‍റെ ആദ്യ അനുഭവത്താൽ എന്നെ നിറച്ചു.

 സങ്കീർത്തനം 16-ൽ ദാവീദ് വർണ്ണിക്കുന്നതുപോലെ, ക്ലേശകരമായ നിമിഷങ്ങളിൽ ഉളവാകുന്ന വേദന, ഇഷ്ടാനിഷ്ടങ്ങളോടെ ഞെരിച്ചമർത്തുന്നതിനുള്ള തീരുമാനത്തിൽ അധിഷ്ഠിതമല്ല, ദൈവം നമ്മുടെ ജീവിതത്തിലേക്കു കൊണ്ടുവരുന്ന സമാധാനവും സന്തോഷവും; ഇത് അധികവും, നമ്മുടെ നല്ല ദൈവത്തിൽ ആശ്രയിക്കുമ്പോൾ, നമുക്കു അനുഭവേദ്യമാക്കുകയല്ലാതെ, മറ്റൊന്നിനും സാധിക്കാത്ത ഒരു ദാനം പോലെയാണ് (വാക്യം 1-2).

 നമ്മെ വ്യതിചലിപ്പിക്കുന്നതിലൂടെ മൃത്യു കൊണ്ടുവരുന്ന നൊമ്പരപ്പെടുത്തുന്ന വേദനയോട്, ഒരു പക്ഷേ, ഈ “അന്യദേവൻമാരിലേയ്ക്ക്” തിരിയുന്നത് നമ്മുടെ വേദനയെ അകറ്റിനിർത്തും എന്ന വിചാരത്തോടെ നമുക്ക് പ്രതികരിക്കാനാകും. എന്നാൽ, വേദനയെ അകറ്റുന്നതിനുള്ള നമ്മുടെ ഉദ്യമങ്ങൾ നമുക്ക് അധികം വേദനകൾ സമ്മാനിക്കും എന്ന് നാം ഉടനെയോ വൈകിയോ തിരിച്ചറിയും (വാക്യം 4).

 അല്ലെങ്കിൽ, നമുക്ക് ഒന്നും ഗ്രഹിക്കുവാൻ ആകുന്നില്ലെങ്കിലും, ദൈവം നമുക്കു മുന്നമേ നൽകിയിരിക്കുന്ന ജീവിതം - അതിന്‍റെ വേദനയിൽ ആയാലും – തീർച്ചയായും മനോഹരവും നല്ലതും ആണ് എന്നുള്ള വിശ്വാസത്തോടെ നമുക്കു ദൈവത്തിങ്കലേയ്ക്കു തിരിയാം (യോഹ. 6-8). നമ്മുടെ വേദനയിലും നമ്മെ മൃദുവായി വഹിച്ച്, മരണത്തിനു പോലും അണയ്ക്കുവാൻ കഴിയാത്ത സമാധാനത്തിലേയ്ക്കും, സന്തോഷത്തിലേയ്ക്കും നയിക്കുവാൻ സാധിക്കുന്ന അവന്‍റെ സ്നേഹഹസ്തങ്ങൾക്കു മുമ്പിൽ നമ്മെത്തന്നെ സമർപ്പിക്കാം (വാക്യം 11).

നല്ല പ്രവൃത്തികൾ തയ്യാറാക്കിയിരിക്കുന്നു

വിദേശത്തെ ഒരു തെരുവിൽ, ദൃഢശരീരമുള്ള ഒരു അപരിചിതൻ എന്നെയും എന്‍റെ ഭാര്യയെയും സമീപിച്ചപ്പോൾ, ഞങ്ങൾ ഭയപരവശരായി പിൻവലിഞ്ഞു.   ഞങ്ങളുടെ അവധിക്കാലം മോശമായി പോകുന്നു; ഞങ്ങൾ പലപ്പോഴും ആക്രോശിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും നിരവധി തവണ അപഹരിക്കപ്പെടുകയും ചെയ്യപ്പെട്ടു. ഞങ്ങൾ വീണ്ടും തരം താഴ്ത്തപ്പെടുകയാണോ? എന്നാൽ ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട്, തന്‍റെ നഗരത്തിന്‍റെ ഏറ്റവും മികച്ച വീക്ഷണം എവിടെ ലഭ്യമാകുമെന്ന് ഞങ്ങളെ കാണിക്കുവാൻ ആ മനുഷ്യൻ ആഗ്രഹിച്ചു. തഥനന്തരം, അവൻ ഞങ്ങൾക്ക് ഒരു ചോക്ലേറ്റ് ബാർ നൽകി, പുഞ്ചിരിച്ചു, പിരിഞ്ഞു പോയി. ആ ചെറിയ ആംഗ്യം ഞങ്ങളുടെ ദിവസത്തെ പുനർജ്ജീവിപ്പിച്ചു – മുഴുവൻ പര്യടനത്തെയും രക്ഷിച്ചു. ഇത് ഞങ്ങളിൽ ആ മനുഷ്യനോടും ഞങ്ങളെ ഉത്സാഹപ്പെടുത്തിയ ദൈവത്തോടുമുള്ള കൃതജ്ഞത ഉളവാക്കി.

 രണ്ടു അപരിചിതരുടെ അടുക്കലേയ്ക്ക്, എത്തുവാൻ ആ മനുഷ്യനെ പ്രചോദിപ്പിച്ചതെന്താണ്? താൻ ചോക്ലേറ്റ് നൽകി ആരെയെങ്കിലും സന്തോഷിപ്പിക്കേണ്ടതിന്, അവരെ അന്വേഷിച്ച്, അതുമായി താൻ ദിവസം മുഴുവൻ സഞ്ചരിച്ചോ?

 ഏറ്റവും ചെറിയ പ്രവൃത്തിയിലൂടെ ഏറ്റവും വലിയ പുഞ്ചിരി സമ്മാനിക്കുവാൻ കഴിയുന്നത് എത്ര അതിശയകരമാണ് - ഒരുപക്ഷേ, ആരെങ്കിലും ദൈവത്തോട് നേരിട്ട്. സത്പ്രവൃത്തികൾ ചെയ്യുന്നതിന്‍റെ പ്രാധാന്യത ബൈബിൾ ഊന്നിപ്പറയുന്നു (യാക്കോബ് 2:17, 24). ഇത് ഒരു ആഹ്വാനം പോലെ തോന്നുന്നുവെങ്കിൽ, ഈ വിധ പ്രവൃത്തികൾ ചെയ്യുവാൻ ദൈവം നമ്മെ പ്രാപ്തരാക്കുക മാത്രമല്ല, " നാം അവയെ അനുഷ്ഠിക്കേണ്ടതിന്, നമുക്കുവേണ്ടി അവയെ മുൻകരുതിയിരിക്കുന്നു." (എഫേസ്യർ 2:10).

 ഒരു പക്ഷേ, വാക്കിനാൽ ഇന്നു പ്രോത്സാഹനം ആവശ്യമുള്ള ഒരാളെ, നാം 'അങ്ങോട്ടു ഇടിച്ചുകയറേണ്ടതിന്' ദൈവം നമുക്കായി സജ്ജമാക്കിയിട്ടുണ്ടോ? അഥവാ,  ഒരു സഹായഹസ്തം നീട്ടേണ്ടതിന് നമുക്ക് അവസരം നൽകിയിരിക്കുന്നു. അനുസരണത്തോടെ പ്രതികരിക്കുക എന്നത് മാത്രമാണ് നാം ചെയ്യേണ്ടത്.

സ്നേഹം നമുക്കു പരിവർത്തനം നല്കുന്നു

യേശുവിനെ കണ്ടുമുട്ടിയതിനുമുൻപ്, പലപ്പോഴും എനിക്ക് ആഴത്തിൽ മുറിവേറ്റിട്ടുള്ളതിനാൽ, അധികം വേദന അനുഭവിക്കേണ്ടിവരുമെന്ന ഭീതിയിൽ ഞാൻ, കൂടുതൽ അടുത്തുവരുന്ന ബന്ധങ്ങൾ ഒഴിവാക്കി. അലനെ വിവാഹം കഴിക്കുന്നതുവരെ എന്‍റെ അമ്മയായിരുന്നു, എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്. ഏഴു വർഷത്തിനു ശേഷം, വിവാഹമോചനത്തിന് അരികിലായിരുന്ന ഞാൻ, ഞങ്ങളുടെ നഴ്സറിപ്രായമായ സേവ്യറിനെ ഒരു പള്ളിയിലേയ്ക്ക് കൂടെ കൊണ്ടുപോയി. ആശ്രയിക്കാൻ ഭയവും എന്നാൽ സഹായം ആവശ്യവുമായിരുന്ന ഞാൻ, പുറത്തേക്കുള്ള വാതിലിന് അരികിലാണ് ഇരുന്നത്.

 കൃതജ്ഞതയോടെ പറയട്ടെ, വിശ്വാസികൾ കടന്നു വന്ന് ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുകയും, പ്രാർത്ഥനയിലൂടെയും ബൈബിൾ ധ്യാനത്തിലൂടെയും ദൈവവുമായി എങ്ങനെ ഒരു ബന്ധം വളർത്തിയെടുക്കാമെന്ന് എന്നെ പഠിപ്പിക്കുകയും ചെയ്തു. കാലാന്തരത്തിൽ ക്രിസ്തുവിന്‍റെയും അവന്‍റെ അനുയായികളുടെയും സ്നേഹം എന്നെ രൂപാന്തരപ്പെടുത്തി.

 ആ പ്രഥമ സഭായോഗം കഴിഞ്ഞു രണ്ടു വർഷത്തിനുശേഷം അലനോടും, സേവ്യറിനോടും, എന്നോടും സ്നാനമേൽക്കുവാൻ ആവശ്യപ്പെട്ടു. അൽപകാലത്തിനു ശേഷം, ഞങ്ങളുടെ പ്രതിവാര സംഭാഷണങ്ങളിലൊന്നിൽ, എന്‍റെ അമ്മ പറഞ്ഞു, "നിങ്ങൾ വ്യത്യസ്തരാണ്. യേശുവിനെക്കുറിച്ച് എന്നോട് കൂടുതൽ സംസാരിക്കൂ”. ഏതാനും മാസങ്ങൾക്കു ശേഷം അവൾ, ക്രിസ്തുവിനെ തന്‍റെ രക്ഷകനായി സ്വീകരിച്ചു.

 യേശു ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നു... ക്രിസ്തുവിനെ കണ്ടുമുട്ടുന്നതുവരെ സഭയുടെ പീഢകരിൽ, അതീവഭയമുളവാക്കുന്ന വ്യക്തികളിൽ ഒരാളായ ശൌലിനു സമനായുള്ളവരുടെ ജീവിതങ്ങൾ (അ.പ്ര. 9: 1-5). യേശുവിനെക്കുറിച്ച് അധികം പഠിക്കുന്നതിന് മറ്റുള്ളവർ ശൗലിനെ സഹായിച്ചു (വാക്യം 17-19). തന്‍റെ തീക്ഷ്ണമായ പരിവർത്തനം അദ്ദേഹത്തിന്‍റെ ആത്മാധികാര ഉപദേശത്തിന്‍റെ വിശ്വാസ്യതയെ വർദ്ധിപ്പിച്ചു (വാക്യം 20-22).

 യേശുവുമായുള്ള നമ്മുടെ വ്യക്തിപരമായ പ്രഥമ കൂടിക്കാഴ്ച, ഒരു പക്ഷേ ശൗലിന്‍റേതിനു സമാനമായ നാടകീയതകൾ നിറഞ്ഞതത് ആയിരിക്കുകയില്ല. നമ്മുടെ ജീവിത പരിവർത്തനം ദ്രുതമായതോ തീവ്രമായതോ ആയിക്കൊള്ളണമെന്നില്ല. എന്നിരുന്നാലും, ക്രിസ്തുവിന്‍റെ സ്നേഹം കാലക്രമേണ നമ്മെ മാറ്റുന്നതെങ്ങനെയെന്ന് ആളുകൾ ശ്രദ്ധിക്കും വിധം, അവൻ നമുക്കുവേണ്ടി ചെയ്തവ മറ്റുള്ളവരെ അറിയിക്കുവാൻ നമുക്ക് അവസരങ്ങൾ ലഭിക്കും.

ഹൃദയത്തിന്‍റെ ചലനങ്ങൾ

അമേരിക്കക്കാർ തങ്ങളുടെ ജീവിതകാലഘട്ടത്തിൽ, ഏകദേശം പതിനൊന്ന് അല്ലെങ്കിൽ പന്ത്രണ്ടു പ്രാവശ്യം, ഒരു മേൽവിലാസത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് മാറുന്നുവെന്ന്, അമേരിക്കൻ സെൻസസ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു സമീപവർഷത്തിൽ 28 ദശലക്ഷം ആളുകൾ പൊതിഞ്ഞുകെട്ടി യാത്രയായി, പുതിയ മേൽക്കൂരയ്ക്ക് കീഴിലെത്തി കെട്ടഴിക്കുന്നു.

ഇസ്രായേലിന്‍റെ, മരുഭൂമിയിലെ നാല്പതു വർഷങ്ങൾക്കിടയിൽ, ദൈവീക സാന്നിധ്യത്തിന്‍റെ മേഘം, ഒരു മുഴുകുടുംബ രാജ്യത്തെ, ഒരു നവസ്വദേശപ്രത്യാശയിൽ ഘട്ടം ഘട്ടമായി  നയിച്ചിരുന്നു. പലപ്രാവശ്യം ആവർത്തിച്ചു കാണുന്ന വിവരണങ്ങൾ, ഒരു തമാശയുടെ പ്രതീതി ഉണർത്തുന്നു. ഒരു ബൃഹത്തായ കുടുംബം തങ്ങളുടെ വസ്തുവകകൾ മാത്രമല്ല, പ്രത്യുത മേഘാസന്നനായ ദൈവം മോശെയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന സമാഗമന കൂടാരവും അതിലെ ഉപകരണങ്ങളും വീണ്ടും വീണ്ടും പൊതിഞ്ഞു കെട്ടുകയും കെട്ടഴിക്കുകയും ചെയ്തു. (പുറപ്പാട് 25:22 നോക്കുക).

 ഇസ്രായേലിന്‍റെ ചലനാത്മക ദിനങ്ങളുടെ സമ്പൂർണ്ണ കഥാർത്ഥം, അനേക വർഷങ്ങൾക്കുശേഷം, യേശു നൽകുന്നുണ്ട്. മേഘത്തിൽ നിന്നുള്ള നടത്തിപ്പിനു പകരം യേശു നേരിട്ടു വന്നു. "എന്നെ അനുഗമിക്കുക" (മത്തായി 4:19) എന്ന് അവൻ പറഞ്ഞപ്പോൾ, ഹൃദയവഴികളിലാണ് ഏറ്റവും പ്രധാനപ്പെട്ട മേൽവിലാസമാറ്റങ്ങൾ നടക്കുന്നതെന്ന് അവൻ കാണിക്കുന്നു. മിത്രങ്ങളേയും ശത്രുക്കളേയും റോമൻ കുരിശിന്‍റെ ചുവട്ടിലേയ്ക്ക് നയിക്കുക വഴി, മേഘത്തിന്‍റെയും കൂടാരത്തിന്‍റെയും ദൈവം നമ്മെ രക്ഷിക്കുവാൻ ഏത് അറ്റം വരെ പോകും എന്ന് അവൻ കാണിച്ചുതന്നിരിക്കുന്നു.

 മേൽവിലാസം മാറുന്നതു പോലെ, ഹൃദയചലനങ്ങളും ഇളക്കിമറിക്കുന്നതാണ്. എന്നാൽ, നമ്മുടെ വഴിയാത്രയിലുടനീളം യേശു നമ്മെ നടത്തിയെന്നത്, ഒരു ദിവസം, നമ്മുടെ പിതാവിന്‍റെ ഭവനത്തിലെ ഒരു ജാലകത്തിലൂടെ നാം നോക്കിക്കാണും.

എനിക്ക് കാണുവാൻ സാധിക്കുന്നതെല്ലാം

ശിശിരകാലത്തിലെ തണുത്തുറഞ്ഞ ഒരു പ്രഭാതത്തിൽ തടാകത്തിനരികിലുള്ള മഞ്ഞുകൊണ്ടു മൂടപ്പെട്ട മനോഹരമായ ലൈറ്റ് ഹൌസിനെ നോക്കി ക്രിസ്റ്റ നിന്നു. ചിത്രമെടുക്കുന്നതിന് അവൾ തന്‍റെ ഫോൺ പുറത്തെടുക്കവേ, അവളുടെ കണ്ണടയിൽ മഞ്ഞു വന്നു മൂടി. അവൾക്ക് ഒന്നും കാണുവാൻ കഴിയാതിരുന്നതിനാൽ തന്‍റെ ക്യാമറ ലൈറ്റ് ഹൌസിലേക്ക് ലക്ഷ്യം വച്ച്, വ്യത്യസ്ത കോണുകളിൽ നിന്ന് മൂന്ന് ചിത്രങ്ങൾ എടുക്കുവാൻ അവൾ തീരുമാനിച്ചു. എന്നാൽ, പിന്നീട് ആ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ, ക്യാമറ തന്‍റെ തന്നെ ചിത്രങ്ങൾ എടുക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരുന്നതെന്ന് അവൾക്ക് മനസ്സിലായി. അവൾ ചിരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു, “എന്‍റെ ശ്രദ്ധ എന്നിൽ, എന്നിൽ, എന്നിൽ തന്നെയായിരുന്നു. ഞാൻ കണ്ടത് എന്നെ മാത്രമായിരുന്നു.” ക്രിസ്റ്റ എടുത്ത ചിത്രങ്ങൾ എന്നെ സമാനമായ പിഴവുകളെക്കുറിച്ച് ചിന്തിപ്പിച്ചു: ദൈവീക പദ്ധതിയുടെ ബൃഹത്തായ ചിത്രത്തിന്‍റെ കാഴ്ച്ച നഷ്ടപ്പെടുമ്പോൾ നാം വളരെയധികം സ്വകേന്ദ്രീകൃതരായിത്തീരും.

 തന്‍റെ ശ്രദ്ധ തന്നിലേക്കു തന്നെ ആയിരിക്കില്ല എന്ന് യേശുവിന്‍റെ ബന്ധുവായ യോഹന്നാൻ വ്യക്തമായി മനസ്സിലാക്കിയിരുന്നു. ദൈവപുത്രനായ യേശുവിനെ മറ്റുള്ളവർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുക എന്നതാണ് തന്‍റെ കാഴ്ചപ്പാടും വിളിയും എന്ന് അവൻ ആരംഭത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. യേശു തന്‍റേയും തന്‍റെ അനുയായികളുടേയും അടുക്കൽ വരുന്നത് കണ്ട് യോഹന്നാൻ ഇപ്രകാരം പറഞ്ഞു “ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്!” (യോഹന്നാൻ 1:29). അവൻ പിന്നെയും, “അവൻ വെളിപ്പെടേണ്ടതിന് ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു”  (വാക്യം 31) എന്നു പറഞ്ഞു. പിന്നീട് യേശുവിന് ശിഷ്യൻമാർ വർദ്ധിക്കുന്നു എന്ന് യോഹന്നാന്‍റെ ശിഷ്യൻമാർ അറിയിച്ചപ്പോൾ അവൻ: “ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിനു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു:…അവൻ വളരേണം, ഞാനോ കുറയേണം”,  എന്ന് പറഞ്ഞു (യോഹന്നാൻ 3:28-30).

 നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദു യേശുവും, യേശുവിനെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുക എന്നതും ആയിരിക്കട്ടെ.

ചെവികൾ നൽകപ്പെട്ടിരിക്കുന്നത് കേൾക്കുവാനാണ്

ഡയാന ക്രൂഗർ എന്ന നടിയ്ക്ക് പേരും പ്രശസ്തിയും ലഭിക്കുമായിരുന്ന ഒരു കഥാപാത്രം, നൽകപ്പെട്ടു. ഭർത്താവും മകനും നഷ്ടപ്പെട്ട യൌവ്വനക്കാരിയായ ഒരു ഭാര്യയായും അമ്മയായും അഭിനയിക്കുവാൻ, ആ കഥാപാത്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്‍റെ വ്യക്തിപരമായ ജീവിതത്തിൽ, താൻ അത്രയും വലിയ ഒരു നഷ്ടം ഒരിക്കലും അനുഭവിച്ചിട്ടില്ലായിരുന്നു. വിശ്വസനീയമായ രീതിയിൽ അത് ചെയ്യുവാൻ കഴിയുമോ എന്ന് അവൾക്ക് ഉറപ്പില്ലായിരുന്നു. എങ്കിലും അവൾ ആ കഥാപാത്രത്തെ സ്വീകരിച്ചു. അതിനു തയ്യാറെടുക്കേണ്ടതിനായി, ഇപ്രകാരം അതിദുഃഖത്തിലൂടെ കടന്നു പോകുന്നവരെ സഹായിക്കുന്ന സമ്മേളനങ്ങളിൽ അവൾ പങ്കെടുക്കുവാൻ ആരംഭിച്ചു.

ആരംഭത്തിൽ, ഇത്തരത്തിലുള്ള ആളുകൾ തങ്ങളുടെ അനുഭവ കഥകൾ പങ്കുവെയ്ക്കുമ്പോൾ അവൾ തന്‍റെ ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുമായിരുന്നു. നമ്മളിൽ ഭൂരിപക്ഷം ആളുകളേയും പോലെ അവളും സഹായസന്നദ്ധയായിരുന്നു. എന്നാൽ, ക്രമേണ അവൾ തന്‍റെ സംഭാഷണം നിർത്തി അവരെ ശ്രവിക്കുവാനാരംഭിച്ചു. അപ്പോൾ മാത്രമാണ് അവരുടെ അവസ്ഥകളിലൂടെ യഥാർത്ഥമായി സഞ്ചരിക്കുവാൻ, അവൾ പഠിച്ചത്. തന്‍റെ ചെവികൾ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയപ്പോഴാണ് അവൾക്ക് ആ തിരിച്ചറിവുണ്ടായത്.

 യിരെമ്യാവിന്, ജനങ്ങൾക്കെതിരെയുണ്ടായിരുന്ന ആക്ഷേപവും ഇതു തന്നെ ആയിരുന്നു; അവർ “കർത്താവിന്‍റെ  വചനം” കേൾക്കുവാൻ തങ്ങളുടെ “ചെവികൾ” ഉപയോഗിക്കുന്നത് നിരസിച്ചു. പ്രവാചകൻ അവരെ “മൂഢൻമാരും ബുദ്ധിഹീനരുമായ ജനമേ”, എന്നു വിളിക്കുന്നതിൽ കൃത്രിമലാളിത്യം കാട്ടിയില്ല (യിരെമ്യാവു 5:21). സ്നേഹത്തിന്‍റെ വാക്കുകൾ പറഞ്ഞും, നിർദ്ദേശങ്ങൾ നല്കിയും, പ്രോത്സാഹിപ്പിച്ചും, മുന്നറിയിപ്പുകൾ നൽകിയും  ദൈവം എല്ലായ്പ്പോഴും നമ്മുടെ ജീവിതങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഞാനും നിങ്ങളും കാര്യങ്ങൾ ഗ്രഹിക്കുകയും പക്വതയാർജ്ജിക്കുകയും വേണം എന്നതാണ് പിതാവിന്‍റെ ആഗ്രഹം. അതിനു വേണ്ടി ‘ചെവികൾ’ പോലെയുള്ള ഉപാധികൾ നമുക്കോരോരുത്തർക്കും നൽകപ്പെട്ടിരിക്കുന്നു. എന്നാൽ, നമ്മുടെ പിതാവിന്‍റെ ഇഷ്ടങ്ങളെ അറിയുവാൻ നാം അവയെ വേണ്ടവിധം ഉപയോഗിക്കുമോ? അപ്പോഴുള്ള യഥാർത്ഥ ചോദ്യം ഇതാണ്, നമ്മുടെ പിതാവിന്‍റെ ഹൃദയം ശ്രവിക്കുന്നതിനായി നാം അവയെ ഉപയോഗിക്കുമോ?

പുനഃസ്ഥാപിച്ചു

മോർമൊൺ ചീവീടുകളുടെ 2003-ലെ ഉപദ്രവം,  25 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ധാന്യവിളകൾ നഷ്ടപ്പെടുവാൻ കാരണമായിത്തീർന്നു. ആളുകൾക്ക് ചീവീടിനെ ചവിട്ടാതെ ഒരു ചുവടു പോലും മുമ്പോട്ടു പോകുന്നത് അസാദ്ധ്യമാകും വിധം എണ്ണത്തിൽ വളരെ പെരുകിയാണ് ചീവീടുകൾ കടന്നു വന്നത്. ഉട്ടാ മുൻഗാമികളുടെ ധാന്യവിളകളെ 1848 ൽ ആക്രമിച്ച, വെട്ടുക്കിളിക്കു സമാനമായ ഈ ചീവീടുകൾക്ക് രണ്ടോ മൂന്നോ ഇഞ്ച് നീളം മാത്രമാണ് ഉള്ളതെങ്കിലും, തങ്ങളുടെ ജീവകാലത്തിനുള്ളിൽ അമ്പരപ്പിക്കും വിധം 38 പൌണ്ട് സസ്യപദാർത്ഥങ്ങൾ തിന്നു തീർക്കുവാൻ സാധിക്കും. കർഷകരുടെ ഉപജീവനമാർഗ്ഗത്തിലും ഒരു സംസ്ഥാനത്തിന്‍റെയോ അല്ലെങ്കിൽ രാജ്യത്തിന്‍റെയോ സമ്പദ് വ്യവസ്ഥയിലും ഈ ബാധയിലൂടെ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വിനാശകരമായിരിക്കും.

 യഹൂദാ ജനതയുടെ ഒന്നടങ്കമുള്ള അനുസരണക്കേടിന്‍റെ ഫലമായി ദേശവ്യാപകമായി ഉണ്ടായ, സമാനമായ ഒരു ഷഡ്പദാക്രമണത്തെക്കുറിച്ച് പഴയനിയമപ്രവാചകനായ യോവേൽ വിവരിക്കുന്നുണ്ട്. മുൻ തലമുറകൾ ഒരിക്കലും ദർശിച്ചിട്ടില്ലാത്ത തരത്തിലുള്ള, വെട്ടുക്കിളികളുടെ ആക്രമണം (ചില വേദപണ്ഡിതരുടെ മനസിൽ, ഇത് ആലങ്കാരികമായി ഒരു വിദേശ സൈന്യത്തെ സൂചിപ്പിക്കുന്നു) അദ്ദേഹം മുൻകൂട്ടി പ്രസ്താവിച്ചു (യോവേൽ 1:2). വെട്ടുക്കിളികൾ തങ്ങളുടെ മാർഗ്ഗമദ്ധ്യേയുള്ളതെല്ലാം പാഴാക്കി, ജനങ്ങളെ ക്ഷാമത്തിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുമായിരുന്നു. എന്നിരുന്നാലും, ജനം തങ്ങളുടെ പാപവഴികളെ ഉപേക്ഷിച്ച് പാപക്ഷമയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ, “വെട്ടുക്കിളി തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു പകരമായുള്ളത്” യഹോവ അവർക്കു നൽകും, എന്ന് യോവേൽ പറയുന്നു (2:25).

 യഹൂദായുടെ പാഠത്തിൽനിന്ന് നമുക്കും പഠിക്കുവാൻ കഴിയും: ദൈവം നമുക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന, ഫലപുഷ്ടിയുള്ളതും സുഗന്ധമുള്ളതുമായ ജീവിതത്തെ, ഷഡ്പദസമാനമായ നമ്മുടെ പിഴവുകൾ കാർന്നു തിന്നുന്നു. നാം ദൈവത്തിലേയ്ക്കു തിരിയുകയും, നമ്മുടെ മുൻഇഷ്ടങ്ങളെ മാറ്റിവെയ്ക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മുടെ നിന്ദയെ അകറ്റി, ക്രിസ്തുവിൽ സമൃദ്ധമായ ഒരു ജീവിതം പുനഃസ്ഥാപിക്കുമെന്ന്, വാഗ്ദത്തം ചെയ്തിരിക്കുന്നു.

അഗാധമായ സ്നേഹം

തങ്ങളുടെ പ്രഥമസംഗമത്തിൽ എഡ്വിൻ സ്റ്റാൻട്ടൻ, അമേരിക്കൻ പ്രസിഡന്‍റ് എബ്രഹാം ലിങ്കനെ വ്യക്തിപരമായും തൊഴിൽപരമായും അധിക്ഷേപിക്കുകയും "ദൂരവ്യാപക അധികാരമുള്ള ജീവി" എന്ന് പരാമർശിക്കുകയും ചെയ്തു. എന്നാൽ ലിങ്കൺ, സ്റ്റാൻട്ടന്‍റെ കഴിവുകളെ പ്രശംസിക്കുകയും, അദ്ദേഹത്തോട് ക്ഷമിക്കുവാൻ തീരുമാനിക്കുകയും, തഥനന്തരം, സ്റ്റാൻട്ടനെ ആഭ്യന്തരയുദ്ധക്കാലയളവിൽ മന്ത്രിസഭയിലെ ഒരു സുപ്രധാന പദവിയിൽ നിയമിക്കുകയും ചെയ്തു. സ്റ്റാൻറൺ പിന്നീട് ലിങ്കണനെ ഒരു സുഹൃത്തിനെപ്പോലെ സ്നേഹിക്കുന്ന തലത്തിലേയ്ക്കുയർന്നു. ഫോഡിന്‍റെ തിയേറ്ററിൽ വെച്ച് പ്രസിഡന്‍റ് വെടിയേറ്റു കിടന്ന രാത്രിയിൽ "ഇപ്പോൾ അവൻ യുഗങ്ങൾക്കുള്ളവനാണ്" എന്ന് പറഞ്ഞ് രാത്രിമുഴുവനും ലിങ്കന്‍റെ കിടക്കയ്ക്കരികിൽ നിന്നത് സ്റ്റാൻറൺ ആയിരുന്നു.

 

അനുരഞ്ജനം ഹൃദ്യമായ ഒരു വസ്തുതയാണ്. അപ്പൊസ്തലനായ പത്രോസ് യേശുവിന്‍റെ അനുഗാമികളെ ഇപ്രകാരം ഓർമ്മിപ്പിച്ചു. "സകലത്തിനും മുമ്പേ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു." (1 പത്രൊസ് 4: 8). തന്‍റെ ക്രിസ്തു നിരാകരണവും (ലൂക്കോസ് 22:54-62) യേശു, ക്രൂശിലൂടെ അദ്ദേഹത്തിന് (നമുക്ക്) വാഗ്ദാനം ചെയ്ത പാപക്ഷമയും താൻ വിചിന്തനം ചെയ്തിരുന്നുവോ എന്ന് എന്നിൽ അത്ഭുതം ഉളവാക്കുന്നതാണ് പത്രോസിന്‍റെ വാക്കുകൾ.

 

ക്രൂശിലെ തന്‍റെ മരണത്തിലൂടെ യേശു പ്രകടമാക്കിയ അഗാധമായ സ്നേഹം നമ്മുടെ പാപങ്ങളുടെ കടത്തിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുകയും ദൈവീക അനുരഞ്ജനത്തിനുള്ള നമ്മുടെ വഴി തുറക്കുകയും ചെയ്യുന്നു (കൊലൊസ്സിയർ 1:19-20). സ്വശക്തിയിൽ നമുക്ക് ക്ഷമിക്കുവാൻ സാധ്യമല്ലെന്നുള്ള ബോധ്യത്തിൽ, നമ്മെ സഹായിക്കുവാൻ അവിടുത്തോട് നാം അപേക്ഷിക്കുമ്പോൾ,  ദൈവീക ക്ഷമ; മറ്റുള്ളവരോടു ക്ഷമിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു. നമ്മുടെ രക്ഷകൻ മറ്റുള്ളവരെ സ്നേഹിക്കുന്നതിനാൽ നാം അവരെ സ്നേഹിക്കുകയും അവിടുന്ന് നമ്മോട് ക്ഷമിച്ചതിനാൽ നാം ക്ഷമിക്കുകയും ചെയ്യുമ്പോൾ ദൈവം നമ്മുടെ പൂർവ്വകാല അനുഭവങ്ങളിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുകയും കൃപയുടെ മനോഹരമായ നവതലങ്ങളിലേക്ക് അവിടുത്തോടൊപ്പം നമ്മെ മുന്നിലേയ്ക്കു നടത്തുകയും ചെയ്യുന്നു.